തൊടുപുഴ: പുഴയോര ബൈപാസിന്റെ പ്രവേശന കവാടത്തില്‍ അപകടാവസ്ഥയിലായിരുന്ന മൂന്നു നില കെട്ടിടം പൊളിച്ചുനീക്കി. വെള്ളിയാഴ്ച രാത്രി പത്തോടെ പൊളിച്ചുനീക്കലിന് തുടക്കം കുറിച്ചു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ്, റവന്യു, വൈദ്യുതി വകുപ്പുകള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. സുരക്ഷ മുന്‍നിര്‍ത്തി സമീപത്തെ വീടുകളിലെയും കടകളിലെയും വൈദ്യുതി വിച്ഛേദിച്ചശേഷമായിരുന്നു ജോലി ആരംഭിച്ചത്.
ഇന്നലെ രാവിലെയോടെ പൊളിക്കല്‍ അന്തിമഘട്ടത്തില്‍ എത്തിയിരുന്നെങ്കിലും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള കാലതാമസത്തെത്തുടര്‍ന്നാണ് പകല്‍ ടൗണില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ നഗരസഭയുടെ ഡമ്പിംഗ് യാര്‍ഡിലേക്കാണ് മാറ്റുന്നത്. ഇവ നീക്കം ചെയ്യുന്ന മുറയ്ക്ക് സ്ഥലത്ത് പാറമണല്‍ വിരിച്ച് ഗതാഗതയോഗ്യമാക്കുന്ന നടപടികളും നടന്നുവരുന്നുണ്ട്.
കെട്ടിടം പൊളിച്ചത് സുരക്ഷ മുന്‍നിര്‍ത്തി
ജില്ലയില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ നിയമപ്രകാരം അടിയന്തരമായി കെട്ടിടം പൊളിച്ചുനീക്കാന്‍ ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാനുമായ ഡോ. ദിനേശന് ചെറുവാട്ടിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലാക്കിയത്. ജോലികള്‍ ഇന്നു പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കെട്ടിടത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി മുന്‍ എംഎല്‍എ പി.ജെ. ജോസഫ് നല്കിയ പരാതിയുടെയും തൊടുപുഴ തഹസീല്‍ദാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് അടിയന്തരമായി കെട്ടിടം പൊളിച്ചു നീക്കാന്‍ കളക്ടര്‍ ഉത്തരവിട്ടത്.
കെട്ടിടം അപകടാവസ്ഥയിലായതോടെ നാട്ടുകാരും സമീപത്തെ വ്യാപാരികളും ആശങ്കയിലായിരുന്നു. വെള്ളരിങ്ങാട്ട് സെല്‍ബി ചാക്കോയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ളതായിരുന്നു കെട്ടിടം.തൊടുപുഴ -പാലാ റോഡിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും പോകുന്ന നൂറുകണക്കിന് വാഹനങ്ങളും കാല്‍നടയാത്രക്കാരും ആശ്രയിക്കുന്ന പ്രധാന റോഡിനോടു ചേര്‍ന്നാണ് കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. പുഴയോര ബൈപാസിലേക്ക് ഇരുവശത്തുംകൂടി വാഹനം കടന്നു പോകത്തക്കവിധം ബെല്‍മൗത്ത് രീതിയില്‍ നിര്‍മാണം നടത്താനായിരുന്നു പദ്ധതി. ഇതിനായാണ് ഇരുവശത്തെയും കെട്ടിടങ്ങള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.
കോടതിവ്യവഹാരം നടപടി വൈകിപ്പിച്ചു
പുഴയോര ബൈപാസിന്റെ ഒരു ഭാഗത്തുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ കോടതി വ്യവഹാരമാണ് നടപടി വൈകിപ്പിച്ചത്. പിഡബ്ല്യുഡി നിരത്ത് വിഭാഗം പുഴയോര റോഡ് വികസനത്തിന്റെ ഭാഗമായി ഈ കെട്ടിടവും സ്ഥലവും ഏറ്റെടുക്കാന്‍ നേരത്തേ നടപടി ആരംഭിച്ചിരുന്നു. കെട്ടിടത്തിന്റെ മൊത്തം നഷ്ടപരിഹാരത്തുകയായ 83,46,552 രൂപയില്‍ 29,47,575 രൂപ ഇതിനോടകം ലാൻഡ് അക്വിസിഷന്‍ ഓഫീസില്‍ നിക്ഷേപിക്കുകയും ബാക്കി തുകയായ 53,98,977 രൂപ ലഭ്യമാകുന്ന മുറയ്ക്ക് ഉടമയ്ക്ക് നല്‍കാനും തീരുമാനമായിരുന്നു.
കെട്ടിടം പൊളിച്ച് പൂര്‍ണമായും നീക്കുന്നതോടെ പുഴയോര ബൈപാസിന്റെ പ്രവേശന ഭാഗത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. ഇതുവഴി സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലന്‍സുകളും മറ്റും അതിവേഗം കടന്നുവരുമ്പോള്‍ ഇവയുടെ സഞ്ചാരത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
ഇതിനെല്ലാം പരിഹാരമായതോടെ വിശാലമായ പാതയിലൂടെ വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും സഞ്ചരിക്കാനുള്ള അവസരമാണ് തുറന്നുകിട്ടിയിരിക്കുന്നത്.
ഗതാഗതനിയന്ത്രണം നഗരത്തെ വലച്ചു
കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ഗതാഗതനിയന്ത്രണം നഗരത്തെ വലച്ചു. സ്വകാര്യ ബസ് സറ്റാന്ഡില് നിന്നും പാലാ ഭാഗത്തുനിന്നും ധന്വന്തരി, ഗാന്ധിസ്ക്വയര്‍ വഴി കടന്നുപോയിരുന്ന ബസുകളും മറ്റു വാഹനങ്ങളും ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി കോതായിക്കുന്ന്-ഗാന്ധിസ്ക്വയര്‍ വഴിയും മൂപ്പില്‍കടവ് പാലം വഴിയും തിരിച്ചുവിട്ടതോടെ മോര് ജംഗ്ഷനില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഈ ഭാഗങ്ങളില്‍ വാഹനങ്ങളുടെ നീണ്ട നിര കാണാമായിരുന്നു. ടൗണിലെ ഗതാഗത നിയന്ത്രണം സംബന്ധിച്ച് അറിവില്ലാതെ എത്തിയവരും ദുരിതത്തിലായി. പോലീസ് അധികൃതരുടെ സമയോചിതമായ ഇടപെടല്‍മൂലമാണ് ഗതാഗതക്കുരുക്കിന് ഒരുപരിധിവരെയെങ്കിലും പരിഹാരം കാണാനായത്.
സ്ഥലം ഉപയോഗിക്കാന്‍ അവകാശമില്ല: ഉടമസ്ഥര്‍
തൊടുപുഴ: പുഴയോര ബൈപാസിലെ പ്രവേശന കവാടത്തിലുള്ള കെട്ടിടം പൊളിച്ചുനീക്കിയെങ്കിലും കെട്ടിടം സ്ഥിതിചെയ്തിരുന്ന വസ്തുവിലൂടെ വാഹന ഗതാഗതം അനുവദിക്കുകയോ വസ്തു കൈവശപ്പെടുത്തി റോഡായി ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ഉടമസ്ഥര്‍ ജില്ലാകളക്ടര്‍ക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും കത്ത് നല്കി.
കെട്ടിടം സ്ഥിതിചെയ്തിരുന്ന വസ്തു ഏറ്റെടുക്കാന്‍ അനുമതി നല്‍കിയിട്ട് നാലുവര്‍ഷമായി. എന്നാല്‍ സ്ഥലം പൊന്നുംവിലയ്ക്കെടുക്കാന് നടപടിയായിട്ടില്ല. വസ്തു ഏറ്റെടുക്കാനുള്ള നടപടി ത്വരിതപ്പെടുത്താതെ ദുരന്തനിവാരണ നിയമം ഉപയോഗിച്ച് കെട്ടിടം പൊളിച്ചുമാറ്റിയതുകൊണ്ടു മാത്രം സ്ഥലം ഉപയോഗിക്കാന്‍ അവകാശമില്ലെന്നും ഉടമസ്ഥര്‍ പറഞ്ഞു.